ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കൊവിഡ് പരിശോധന; രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉറപ്പ് നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് പരിശോധന ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അമിത് ഷായും, ലെഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവടങ്ങളിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡല്‍ഹിയില്‍ പ്രതിദിനം 18,000 പരിശോധനകള്‍ ഉറപ്പാക്കുമെന്ന് അമിത് ഷാ അറിയിച്ചു. പല പാര്‍ട്ടി നേതാക്കളും കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അമിത് ഷാ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ഇന്നത്തെ കൂടിക്കാഴ്ച്ച.

ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ്, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍, എല്ലാവര്‍ക്കും പരിശോധന നടത്താനും, കൊവിഡ് സ്ഥിരീകരിച്ചതും, കണ്ടെയ്ന്‍മെന്റ് സോണിലുള്ളതുമായ ഓരോ കുടുംബത്തിനും 10,000 രൂപ വീതം വിതരണം ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുള്ളില്‍ കൊവിഡിനെ കുറിച്ച് ഉണ്ടായിട്ടുള്ള ഭയം മാറ്റാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യോഗത്തില്‍ എല്ലാ പാര്‍ട്ടികളോടും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. നിവാസികളില്‍ പരിശോധന എത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ എല്ലാ നേതാക്കളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Amit Shah assures Covid Test for all in Delhi, Daily 18,000 tests