ന്യൂഡല്‍ഹി: ലഡാക്കില്‍ ഉണ്ടായ സൈനിക നടപടിക്ക് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടി രൂപയുടെ കരാര്‍ അവാസാനിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
2019ലാണ് ബീജിങ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള കരാറില്‍ ഇന്ത്യന്‍ റെയില്‍വേ ഒപ്പു വെക്കുന്നത്. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാദ്യയ റെയില്‍വേ സ്റ്റേഷന്റെ നവീകരണ ജോലിയായിരുന്നു കമ്പനിയെ ഏല്‍പ്പിച്ചത്. 417 കിലോമീറ്റര്‍ സിഗ്നലിങ്ങും ടെലികോം കരാറുമാണ് റെയില്‍വേ റദ്ദാക്കിയത്. നാല് വര്‍ഷം പിന്നിട്ടിട്ടും 20ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായതെന്ന് റെയില്‍വേ അഭിപ്രായപ്പെട്ടു.
ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഗാല്‍വന്‍ താഴ്വരയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേയുടെ നടപടി.
Content Highlight: Indian Railway cancelled contract with Chinese Company