തമിഴ്നാട്ടിൽ പൊലീസ് കസ്റ്റടിയിൽ ഇരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. തൂത്തുക്കുടിയിൽ മൊബെെൽ കട നടത്തുന്ന ജയരാജും മകൻ ജെ.ബെനിക്സുമാണ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. തൂത്തുക്കൂടി പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരുവരും ക്രൂരമർദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്ക് ഡൌൺ ലംഘിച്ച് കട തുറന്നെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റടിയിൽ എടുക്കുന്നത്. അച്ഛൻ പൊലീസ് കസ്റ്റടിയിലാണെന്ന് അറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു മകൻ ബെനിക്സ്. തുടർന്ന് ഇരുവരേയും പൊലീസുകാർ മർദ്ദിച്ചു. സ്വകാര്യഭാഗങ്ങളിൽ കമ്പി കയറ്റിയും മറ്റും വലിയ രീതിയിൽ ഇവരെ പീഡനത്തിന് ഇടയാക്കിയെന്ന് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെത്തിച്ച ബെനിക്സിൻ്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത് എന്ന് അഭിഭാഷകനായ രവിചന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇവർക്കെതിരെ സെക്ഷൻ 188, 383, 503 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച ഇവരെ ജുഡിഷ്യൽ കസ്റ്റടിയിൽ വിട്ടിരുന്നു. പിന്നീട് 10 മണിക്കൂറിൻ്റെ വ്യത്യാസത്തിലാണ് ഇവർ മരണപ്പെടുന്നത്. നെഞ്ചുവേദനയെ തുടർന്നാണ് ജയരാജ് മരിച്ചത്. ഇരുവരുടേയും മരണത്തിൽ വലിയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
content highlights: Father, son die after alleged police torture for violating lockdown; HC seeks report