അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി ശരദ് പവാര്‍

‘Some people think building temple will eradicate Covid’: Sharad Pawar on Ram temple Trust fixing date

കൊവിഡ് പ്രതിസന്ധിക്കിടയിലും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനെതിരെ വിമർശനവുമായി എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ രംഗത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ നേരിടാനും ലോക്ക്ഡൌണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടതെന്നും, ക്ഷേത്രം നിര്‍മ്മിച്ചതു കൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രെസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി അറിയിച്ചിരുന്നു.

രാമക്ഷേത്രം പണിയുന്നതിലൂടെ കൊവിഡിനെ നേരിടാമെന്നാണ് ചിലർ കരുതുന്നതെന്നും അത് മനസ്സിൽ കണ്ടാണ് അവർ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും പവാർ പരിഹസിച്ചു. തൻ്റെ അഭിപ്രായത്തിൽ കൊറോണ വൈറസാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്നും അക്കാര്യത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. 2019 ലായിരുന്നു രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപെട്ട് നിർണായക വിധി സുപ്രീംകോടതി പുറപെടുവിച്ചത്. കൊവിഡ് വ്യാപനം കാരണം രാമക്ഷേത്ര നിർമ്മാണ ചടങ്ങുകൾ നീട്ടിവെക്കുകയായിരുന്നു

Content Highlights; ‘Some people think building temple will eradicate Covid’: Sharad Pawar on Ram temple Trust fixing date