2019-2020 വർഷങ്ങളിലെ ഓസ്ട്രേലിയൻ കാട്ടുതീ ഉണ്ടാക്കിയ അഘാതത്തിൻ്റെ തോത് ആദ്യമായി വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഏകദേശം 300 കോടി വന്യമൃഗങ്ങൾ കാട്ടുതീയിൽ ഇല്ലാതായെന്നാണ് പുതിയ കണ്ടെത്തൽ. നിരവധി മൃഗങ്ങളുടെ വംശനാശത്തിന് തന്നെ ഇടയാക്കിയ ലോകം കണ്ട ഏറ്റവും ഭീകരമായ കാട്ടുതീയായിരുന്നു ഓസ്ട്രേലിയയിൽ ഉണ്ടായതെന്ന് ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. ഒരു ഭൂഖണ്ഡം മുഴുവൻ കത്തിയെരിയാൻ ഇടയാക്കിയ കാട്ടുതീയിൽ 14.3 കോടി സസ്തിനികൾക്കും 18 കോടി പക്ഷികൾക്കും 5 കോടി തവളകൾക്കും 250 കോടി ഉരഗങ്ങൾക്കുമാണ് തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടമായത്. കാട്ടുതീയിൽ നിന്ന് അതിജീവിച്ച മൃഗങ്ങൾക്ക് കാട്ടുതീയിൽ നിന്നുണ്ടായ ആഘാതവും പരിണിത ഫലങ്ങളും അവയുടെ നിലനിൽപ്പ് തന്നെ ആസാധ്യമാക്കാൻ കാരണമാകുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. നിർജ്ജലീകരണവും പട്ടിണിയും ഇരപിടിക്കാൻ കഴിയാത്ത അവസ്ഥയും മൃഗങ്ങളെ സാരമായി ബാധിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ നേത്യത്വത്തിൽ (WWF) ലോകത്തുടനീളമുള്ള 10 ഗവേഷകരാണ് ഓസ്ട്രേലിയൻ കാട്ടുതീയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. സിഡ്നി സർവകലാശാല, ന്യൂ സൗത്ത് വെയിൽസ് സർവകലാശാല, ന്യൂകാസ്റ്റിൽ സർവകലാശാല, ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റി, ബേർഡ് ലൈഫ് ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ശാസ്ത്രലോകത്തിന് തന്നെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്നാണ് ഗവേഷകർ അഭിപ്രായപ്പെട്ടത്. ഭൂഗണ്ഡങ്ങൾ തിരിച്ച് കാട്ടുതീ എങ്ങനെയാണ് വന്യ ജീവികളെ ബാധിച്ചതെന്നുള്ള പഠനമാണ് ഗവേഷകർ ആദ്യം നടത്തിയത്. 11.46 ദശലക്ഷം ഹെക്ടർ കേന്ദ്രീകരിച്ചായിരുന്നു പഠനം. 8.5 ദശലക്ഷം ഹെക്ടർ കാടുകളും 12,0000 ഹെക്ടർ മഴക്കാടുകളും ഉൾപ്പെടുന്ന പ്രദേശമാണിത്. രാജ്യത്തിൻ്റെ ജെെവവെെവിധ്യം എത്രമാത്രം നഷ്ടമായെന്ന് തുറന്നുകാട്ടുന്നതായിരുന്നു ഈ പഠനം. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയും വികസനത്തിനായി ഭൂമി വെട്ടി നിരത്തുന്നത് ഉടൻ തന്നെ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പഠനത്തിലൂടെ വ്യക്തമായെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
മൂന്നൂറ് കോടി ജീവജാലങ്ങളെയാണ് നഷ്ടപ്പെട്ടത്. നികത്താൻ കഴിയാത്ത വലിയൊരു സംഖ്യയാണിത്. ലോകത്തിലെ ജനസംഖ്യയുടെ പകുതി ശതമാനം വരുമിത്- സിഡ്നി സർവകലാശാലയിലെ ഇക്കോളജി പ്രൊഫസറായ ക്രിസ് ഡിക്ക്മാൻ പറയുന്നു .
ഓസ്ട്രേലിയയില് ഏറ്റവും കൂടുതല് കാണപ്പെടുന്ന ജീവിയായ കോലകളുടെ നഷ്ടവും ഓസ്ട്രേലിൻ സാംസ്കാരിക ചരിത്രത്തിൽ തന്നെ വലിയ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒന്നിച്ചു കൂട്ടമായി താമസിക്കുന്ന ഉരഗങ്ങളുടെ ഇനത്തിൽ പെടുന്ന അരണകളുടെ ആവസവ്യവസ്ഥയും പൂർണമായി ഇല്ലാതായി. ഗ്രീൻഹൌസിൽ നിന്നുള്ള വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് തീപിടുത്തം ഉണ്ടാക്കുമെന്ന് 1980 മുതൽ ഓസ്ട്രേലിയയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നതാണ്. എന്നാൽ രാജ്യങ്ങൾ ഇത് നിരസിക്കുകയും വികസനത്തിൽ മാത്രം പ്രാധാന്യം കൊടുക്കുകയും ചെയ്തു. ഇത് വലിയ കാലാവസ്ഥ വ്യതിയാനത്തിലേക്കാണ് വഴിവെച്ചത്. കാട്ടുതീ കാരണം എത്ര മൃഗങ്ങൾ സ്വന്തം ആവാസവ്യവസ്ഥ വിട്ട് രക്ഷപ്പെട്ടിട്ടുണ്ടെന്നുള്ള കണക്കുകളും വ്യക്തമല്ല.
471 ചെടിവർഗങ്ങളും 191 അകശേരു മൃഗവർഗങ്ങളും വംശനാശത്തിൻ്റെ വക്കിലാണെന്നും ഇവയ്ക്ക് പ്രത്യേക പരിഗണന ഉടൻ തന്നെ കൊടുത്തില്ലെങ്കിൽ ഭൂമിയിൽ നിന്ന് തന്നെ ഇവർ ഇല്ലാതാകുമെന്നും പഠനം ചൂണ്ടി കാണിക്കുന്നു. ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ വംശനാശം നേരിടാൻ പോകുന്ന രാജ്യത്ത് നിലവിലെ കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്ന നിയമങ്ങളല്ല എന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ പാരിസ്ഥിതിക നിയമങ്ങൾ കൊണ്ടുവരുമെന്ന് സ്കോട്ട് മോറിസൺ ഗവൺമെൻ്റ് പ്രതികരിച്ചിട്ടുണ്ടെങ്കിലും വികസനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുമായുള്ള ഓസ്ട്രേലിയയുടെ ഇടപാടുകളൊന്നും വെണ്ടെന്ന് വെയ്ക്കാൻ രാജ്യത്തിന് കഴിയില്ല. കൃത്യമായി വിലയിരുത്താതെ സംസ്ഥാന സർക്കാരുകളോട് ജെെവവെെവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ അനുമതി നൽകിയതിന് രൂക്ഷവിമർശനവും മോറിസൺ ഗവൺമെൻ്റ് ഇപ്പോൾ നേരിടുന്നുണ്ട്. വ്യക്തമായ പദ്ധതികൾ രൂപപ്പെടുത്തി പഠനങ്ങൾ നടത്തി കാലാവസ്ഥ വ്യതിയാനങ്ങൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഭൂമി വലിയ പ്രതിസന്ധിയായിരിക്കും നേരിടാൻ പോകുന്നതെന്ന സൂചനയാണ് പുതിയ പഠനം നൽകുന്നത്.
content highlights: Almost 3 billion animals affected by Australian bushfires, report shows