ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി

BJP, RSS control Facebook and WhatsApp in India: Rahul Gandhi

ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ നടപടി വേണ്ടെന്ന ഫേസ്ബുക്ക് നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിർദേശം നൽകിയെന്ന വാള്‍സ്ട്രീറ്റ് ജേണൽ പുറത്തു കൊണ്ടുവന്ന വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ജീവനക്കാർക്ക് ഫേസ്ബുക്ക് നിർദേശം നൽകിയതായി റിപ്പോർട്ട് പുറത്ത് വന്നത്. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ നടപടി. വിദ്വേഷ പോസ്റ്റിട്ട തെലങ്കാന ബിജെപി എംഎൽഎ, ടി രാജയുടെ വിഷയത്തിൽ എഫ്ബി പൊതുനയ വിഭാഗം മേധാവി അങ്കി ദാസ് പക്ഷപാതപരമായി ഇടപെട്ടെന്നും വിമർശനമുയര്‍ന്നിരുന്നു.

റോഹിങ്ക്യൻ അഭയാര്‍ഥികളായ മുസ്‍ലിംകളെ വെടിവെച്ച് കൊല്ലണമെന്നും മുസ്‍ലിം പള്ളികൾ ഇടിച്ചു നിരത്തണം എന്നതടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ ടി രാജ സിങ് ഫെയ്‍സ്‍ബുക്കിൽ പ്രസിദ്ധീകരിച്ചത്. കമ്പനിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൂടാതെ, ടി രാജയെ അപകടകാരിയായെന്ന് പ്രഖ്യാപിക്കണമെന്നും ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിച്ചിരുന്നെങ്കിലും, വിഷയത്തിൽ എഫ്ബി ഇന്ത്യയുടെ പൊതുനയ വിഭാഗം മേധാവി അങ്കിദാസ് ഇടപെട്ട് നടപടി വേണ്ടെന്നുള്ള നിർദേശം ജീവനക്കാര്‍ക്ക് നൽകുകയായിരുന്നു.

Content Highlights; BJP, RSS control Facebook and WhatsApp in India: Rahul Gandhi