മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തണം; ഗവർണർക്ക് കത്തയച്ച് രമേശ് ചെന്നിത്തല

Chennithala writes a letter to Governor demand summon CM

സ്വർണക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഗവർണർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചു വരുത്തി വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് ചൊവ്വാഴ്ച രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് നൽകുന്നത്. 

പ്രോട്ടോക്കോൾ ലംഘനം, റെഡ് ക്രിസൻ്റ്  കോഴ എന്നീ വിഷയങ്ങളിൽ റിപ്പോർട്ട് തേടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് തീപ്പിടിത്തത്തിൽ നശിച്ചതെന്നും എന്നാൽ തീപ്പിടിക്കാനുള്ള ഒരു സാഹചര്യവും അവിടെയില്ലെന്നും ചെന്നിത്തല പറയുന്നു. ഫാൻ കാരണമാണ് തീപ്പിടിത്തമുണ്ടായതെന്ന സർക്കാർ വാദത്തേയും അദ്ദേഹം തള്ളി. സ്വപ്ന സുരേഷിനെ രക്ഷിക്കാൻ മനപൂർവ്വം ഫയലുകൾ നശിപ്പിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഉപദേശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

content highlights: Chennithala writes a letter to Governor demand summon CM