‘അനൂപിനെ അടുത്തറിയാം, ലഹരി ഇടപാട് അറിയില്ല’; ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബംഗളൂരുവില്‍ പിടിയിലായ ലഹരി മരുന്ന് സംഘത്തിന് നടന്‍ ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ബിനീഷ് കോടിയേരി. അനൂപിനെ അടുത്തറിയാമെന്നും എന്നാല്‍, ലഹരി ഇടപാട് അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി പ്രതികരിച്ചത്.

ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപിന്റെ മൊഴിയടക്കം പുറത്ത് വിട്ടാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്. ആദ്യ ഘട്ടത്തില്‍ മയക്കു മരുന്ന് വില്‍പ്പന നടത്തിയ ഹോട്ടലിു വേണ്ടി ബിനീഷ് പണം മുടക്കിയതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2013 മുതല്‍ മയക്കു മരുന്ന് ബിസിനസ് ഉണ്ടെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു.

അനൂപ് മുഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പരിശോധിച്ചാല്‍ അദ്ദേഹം ഷെയര്‍ ചെയ്തതെല്ലാം ബിനീഷുമായി ബന്ധപ്പെട്ട പോസ്റ്റുകളാണെന്നും 2019 സെപറ്റംബറില്‍ അനൂപിന്റെ ഹോട്ടലിന് ആശംസ അറിയിച്ച് പോസ്റ്റില്‍ ബിനീഷ് സംസാരിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞിരുന്നു. ജൂണില്‍ ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്ത് നൈറ്റ് പാര്‍ട്ടി നടത്തിയെന്നും ജൂണ്‍ 21 ന് ബിനീഷ് ആലപ്പുഴയിലുണ്ടായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

കൂടാതെ, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജൂലായ് പത്താം തീയതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവര്‍ക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വര്‍ണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

Content Highlight: P K Firoz against Bineesh Kodiyeri