ഡൽഹി റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള ചേരികൾ ഉടൻ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ഡൽഹി റെയിൽവെ ട്രാക്കിന് സമീപമുള്ള ചേരികൾ മൂന്ന് മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏകദേശം 48,000 ചേരികളാണ് ഇവിടെയുള്ളത്. ചേരികൾക്ക് പുറമെ റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള പ്ലാസ്റ്റിക്, ഗാർബേജ് മാലിന്യങ്ങൾ നീക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചേരികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിൻ്റേയും മുൻസിപ്പൽ കോർപ്പറേഷൻ്റേയും റെയിൽവേ അധികൃതരുടേയും യോഗം ചേരാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. 

വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങുന്ന ബെഞ്ച് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട കേസ് നേരത്തെ പരിഗണിച്ചിരുന്നത്. റെയിൽവേ ട്രാക്കിന് സമീപത്തെ ചേരികൾ ഒഴിപ്പിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഇടപെടൽ പാടില്ലെന്ന് നേരത്തെ അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അന്തിമ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. 

ഇന്ത്യൻ റെയിൽവേ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹിയിലെ 140 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന റെയിൽവേ ട്രാക്കുകൾക്ക് സമീപം അനധികൃത ചേരികൾ ഉണ്ടെന്ന് പറയുന്നു. ചേരി ഒഴിപ്പിക്കുന്നതിൻ്റെ 70 ശതമാനം ചെലവും റെയിൽവേ വഹിക്കേണ്ടി വരും. ബാക്കി 20 ശതമാനം ഡൽഹി സർക്കാരും നൽകേണ്ടി വരും. അനധികൃത കയ്യേറ്റങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഒഴിപ്പിക്കാൻ സ്പെഷ്യൽ ടാസ്ക് ഫോർസ് രൂപികരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണം. 

content highlights: Supreme Court orders removal of slums along railway tracks in Delhi