ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോട്ട് റാലിക്കിടെ അപകടം; നിരവധി ബോട്ടുകള്‍ മുങ്ങി (വീഡിയോ)

വാഷിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അപകടം. ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുള്ള ട്രാവിസ് തടാകത്തിലൂടെ ട്രംപ് അനുകൂലികള്‍ ബോട്ട് റാലി നടത്തുന്നതിനിടെയാണ് അപകടം നടന്നത്. നിരവിധി ബോട്ടുകളാണ് തിരമാല ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയത്.

നിരവധി പേര്‍ വെള്ളത്തില്‍ മുങ്ങിയെങ്കിലും അപകടകരമായ പരിക്ക് ആര്‍ക്കും തന്നെ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എത്ര ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തില്‍ ആളപായമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

നൂറു കണക്കിന് ബോട്ടുകളെ തടാകത്തില്‍ ഇറക്കി നിരവധി റാലികളാണ് അമേരിക്കയില്‍ സംഘടിപ്പിക്കാറ്. ഒരേ സമയം ഇത്രയധികം ബോട്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് മൂലമുണ്ടായ തിരമാലകളാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം.

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പോരാട്ടങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇരു പാര്‍ട്ടികളും. ജോ ബൈഡനാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കുന്ന മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

Content Highlight: Lake Travis: Several boats sink at pro-Trump parade in Texas