വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അബോധാവസ്ഥിയിൽ നിന്ന് ഉണർന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും ബെർലിൻ ചാരിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കനത്ത വിഷത്തിന്റെ ദീർഘകാല ഫലം ഇപ്പോഴും തള്ളിക്കളയാൻ സാധിക്കില്ലെന്നും ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ചാണ് നവൽനി കുഴഞ്ഞു വീണത്. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലാവുകയായിരുന്നു. അതോടെ അടിയന്തരമായി വിമാനം തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ദ ചികിത്സക്കായി പിന്നീട് ജർമ്മനിയിലേക്ക് മാറ്റുകയായിരുന്നു.
റഷ്യൻ പ്രസിഡന്റ വ്ളാഡിമർ പുടിൻ വിമർശകനായ നവൽനിക്ക് വിഷം നൽകി കൊലപെടുത്താൻ ശ്രമിച്ചതാണെന്ന ആരോപണവുമുണ്ട്. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ തരത്തിലുള്ള സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ പറഞ്ഞിരുന്നു. വിഷബാധയേറ്റ വിവരം ജർമ്മനി ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും റഷ്യ ഇക്കാര്യം നിഷേധിച്ചിരുന്നു.
Content Highlights; Russian Opposition Leader Navalny Condition Improved, Says Berlin Hospital