ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണക്കില്ലാത്ത ആരാധകരുള്ള പബ്ജിയെ തിരികെ കൊണ്ടുവരാനൊരുങ്ങി പബ്ജി കോര്‍പ്പറേഷന്‍. ചൈനീസ് ബന്ധമുള്ള ടെന്‍സെന്റ് ഗെയിംസില്‍ നിന്ന് പബ്ജിയുടെ അവകാശം തിരികെ വാങ്ങിയതോടെയാണ് പബ്ജിയുടെ മടങ്ങി വരവിനുള്ള കളമൊരുങ്ങുന്നത്. ചൈനീസ് ബന്ധം മാത്രമായിരുന്നു ആപ്പ് നിരോധനത്തിന് പിന്നിലെങ്കില്‍ പബ്ജിക്ക് ഇന്ത്യന്‍ മണ്ണിലേക്ക് മടങ്ങി വരാനുള്ള സാധ്യതയേറുന്ന തീരുമാനമാണ് കോര്‍പ്പറേഷന്‍ സ്വീകരിച്ചിരിക്കുന്നത്.
സൗത്ത് കൊറിയന്‍ ഗെയിമിങ് കമ്പനിയായ ബ്ലൂ ഹോളിന്റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍. അതുകൊണ്ട് തന്നെ അവകാശം ഇപ്പോള്‍ സൗത്ത് കൊറിയന്‍ കമ്പനിക്കാണ്. ആപ്പിന്റെ ഉടമസ്ഥതയില്‍ വന്ന മാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം നിര്‍ണായകമാണ്.
അവകാശം തിരിച്ചെടുത്തതോടെ ഗെയിം പബ്ലീഷിങ്ങുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനായിരിക്കുമെന്നും ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയ്ക്കും, സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് കോര്‍പ്പറേഷന്‍ വിശദീകരിച്ചു. ആരാധകരുടെ അകമഴിഞ്ഞ പിന്തുണക്കും കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.
Content Highlight: PUBG may return to India soon, Korean company takes control back from Tencent