ന്യൂഡല്‍ഹി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തുന്നതിനെ വിലക്കി ബിജെപി നേതൃത്വം. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയാണ് (OFBJP) ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും, അത് സംബന്ധിച്ച് ബിജെപി പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും വിദേശ രാജ്യങ്ങളില്‍ പാര്‍ട്ടി ചുമതലയുള്ള വിജയ് ചൗതൈവാലെ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിന് ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ‘നമസ്തേ ട്രംപിന്റെയും’ കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’യുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍, അമേരിക്കയിലെ ഇന്ത്യക്കാരെ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപമുന്നയിച്ചതോടെയാണ് പുതിയ തീരുമാനം. പ്രധാനമന്ത്രി ട്രംപിന്റെ പ്രചാരകനായി മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അംഗങ്ങള്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനും ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാനും നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ട്.
ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ഫോറിന് ഏജന്റസ് റജിസ്ട്രേഷന് ആക്ട് (FARA) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ബിജെപിയെ ഔദ്യോഗികമായി യുംഎസില് പ്രതിനിധീകരിക്കാന്‍ സാധിക്കുമെന്നും വിജയ് ചൗതൈവാലെ പറഞ്ഞു.
Content Highlight: US presidential elections: BJP asks its foreign members not to use party’s name during campaign