കെ ടി ജലീലിനെതിരെ കോണ്‍ഗ്രസ് ബിജെപി പ്രതിഷേധം; രാജി വരെ സമരം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം. രാജി വരെ സമരം ശക്തമാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്.

ജലീലിനെ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മലപ്പുറത്തെ അദ്ദേഹത്തിന്റെ വീടിന് മുന്നിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിന് മുന്നിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച്ച രാവിലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Content Highlight: Congress, BJP strike against K T Jaleel