മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
യുവമോർച്ച മാർച്ചിന് നേരെ പൊലീസ് അഞ്ചുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി. ആറ് യുവമോർച്ച പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എ.ബി.വി.പി മാർച്ചിലും സംഘർഷമുണ്ടായി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിരുന്നു.
കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവടങ്ങളിലും സംഘർഷമുണ്ടായി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ ലോങ് മാർച്ചിലും സംഘർഷമുണ്ടായി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു.
content highlights: Violent protests for the resignation of KT Jaleel