മണര്‍കാട് പള്ളിയുമായി വൈകാരിക ബന്ധം; വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം

മണര്‍കാട് പള്ളിയുമായി നിലനില്‍ക്കുന്നത് വൈകാരിക ബന്ധമാണെന്ന് യാകേകോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത. പള്ളി വിട്ടു കൊടുക്കാന്‍ തയാറല്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെയാണ് മണര്‍ക്കാട് പള്ളി ഓര്‍ച്ചഡോക്‌സ് വിഭാഗത്തിന് നല്‍കികൊണ്ടുള്ള കോട്ടയം സബ് കോടതി ഉത്തരവ് വന്നത്.

പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിഭാഗം. സഭയിലെ പ്രശ്‌ന പരിഹാരത്തിന് നിയമ നിര്‍മാണം വേണമെന്നും മെത്രാപോലീത്ത ആവശ്യപ്പെട്ടു.

യാക്കോബായ വിഭാഗത്തിന്റെ പ്രധാന പള്ളിയായ മണര്‍ക്കാട് പള്ളി തിരികെ ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നു. ഏകദേശം നാലായിരത്തോളം യാക്കോബായ വിശ്വാസികളാണ് മണര്‍ക്കാട് പള്ളിക്ക് കീഴില്‍ ഉള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. അംഗസംഖ്യ കുറവായിട്ടും പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിധിച്ച നിലപാട് ശരിയായില്ലെന്നാണ് യോക്കോബായ വിശ്വാസികളുടെ പ്രതികരണം.

അതേസമയം, കോടതി വിധിയിലൂടെ വര്‍ഷങ്ങളായി സഭയിലുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരമായെന്ന് ഓര്‍ച്ചഡോക്‌സ് സഭാ വൈദികനായ പി കെ കുരിയാക്കോസ് ഇന്നലെ പ്രതികരിച്ചിരുന്നു. വിധി സ്വാഗതാര്‍ഹമാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.

Content Highlights: Manarkad Church will not be give up says Thomas Mar Timotheos Metropolita