ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സംഭവത്തില്‍ ദേശീയപാത അതോരിറ്റിക്കെതിരെ റിപ്പോര്‍ട്ടുമായി ദേവികുളം സബ് കളക്ടര്‍. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് പിന്നില്‍ ദേശീയ പാത അതോരിറ്റിയുടെ പിഴവാണോയെന്ന സംശയമാണ് സബ്കളക്ടര്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.
നിലവില്‍ പ്രതിസന്ധിയിലിരിക്കുന്ന മൂന്നാര്‍ ഗ്യാപ് റോഡ് നിര്‍മാണത്തിന് മുന്‍പ് ആവശ്യമായ ആസൂത്രണം അതോരിറ്റി നടത്തിയിരുന്നോയെന്ന് സബ്കളക്ടര്‍ ആരാഞ്ഞു. റോഡ് നിര്‍മാണ തൊഴിലാളികളുടെയും താഴ്വാരത്തിലുള്ള കര്‍ഷകരുടെ ഏക്കറുകണക്കിന് ഭൂമിയും നശിപ്പിച്ചു കൊണ്ടാണ് ഓരോ തവണയും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ഇനിയും ഇത്തരം അപകടങ്ങള്‍ തുടര്കഥയാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ ഉഗ്ര സ്ഫോടനം നടത്തി കോടിക്കണക്കിന് രൂപയുടെ പാറഘനനം ചെയ്ത്കൊണ്ട പോയ സംഭവത്തില്‍ ദേശീയ പാത അതോരിറ്റി ഇടപെടാതിരുന്നതും സംശയത്തിനിടയാക്കി. ഗ്യാപ് റോഡിലുണ്ടായ ആദ്യ അപകടത്തിന് ശേഷം കോഴിക്കോട് എന്‍ഐടി നല്കിയ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നോയെന്നും റിപ്പോര്‍ട്ടില്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Content Highlights: Devikulam sub collector submit report against NHA on Munnar Gap landslide