സെനറ്റര്‍ പദവിയിലിരിക്കെ ബൈഡന്‍ തൊഴിലവസരങ്ങള്‍ ചൈനയിലേക്ക് കയറ്റി അയക്കുന്ന തിരക്കിലായിരുന്നു; ട്രംപ്

വാഷിങ്ടണ്‍: അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ്, സെനറ്റര്‍ പദവികളില്‍ ഇരിക്കെ തൊഴിലവസരങ്ങള്‍ ചൈനയിലേക്ക് കയറ്റി അയക്കുന്ന തിരക്കിലായിരുന്നു ബൈഡനെന്നും ട്രംപ് വിമര്‍ശിച്ചു. കൊവിഡ് ബാധിതനായ ട്രംപ് ആശുപത്രി വിട്ട ശേഷം നടത്തിയ ആദ്യ പൊതു പരിപാടിയിലാണ് ബൈഡനെ വിമര്‍ശിച്ച് ട്രംപ് രംഗത്ത് വന്നത്.

തുടക്കത്തെക്കാള്‍ ഓഫീസ് വിടുന്ന സമയത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞ ആദ്യ പ്രസിഡന്റാകും ട്രംപെന്ന് ജോ ബൈഡന്‍ ട്രംപിന്റെ വിമര്‍ശനത്തിന് തിരിച്ചടിച്ചു. ട്രംപ് പണക്കാരുടെയും കോടൂശ്വരന്മാരുടെയും താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. മുകള്‍ തട്ടിലുള്ളവര്‍ കൂടുതല്‍ മുകളിലേക്ക് പോകുമ്പോള്‍, മധ്യ വര്‍ഗ ദരിദ്ര വിഭാഗങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലായെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍, യുഎസിനെ സോഷ്യലിസത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാനാണ് ബൈഡന്‍ ശ്രമിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഡെമോക്രാറ്റുകളുടെ പദ്ധതി സോഷ്യലിസമാണെന്നും അദ്ദേഹം വാദിച്ചു.

കൊവിഡ് സാഹചര്യത്തില്‍ വലിയ ആള്‍കൂട്ടമൊഴിവാക്കിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍. പങ്കെടുക്കുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

Content Highlight: Donald Trump attacking Joe Biden