ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ കേന്ദ്ര അനുമതി ലഭിച്ചതോടെ സിബിഐ അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കി.
കേസ് രജിസ്റ്റര്‍ ചെയ്തുവെന്നറിയിച്ച സിബിഐ, രണ്ട് ദിവസത്തിനകം ഹത്രാസില്‍ എത്തുമെന്നാണ് സൂചന. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലും, സഹോദനാണ് പെണ്‍കുട്ടിയെ മര്‍ദ്ധിച്ച് കൊന്നതെന്ന പ്രതികളുടെ പരാതിയിലും ഇതുവരെ നടത്തിയ കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് കൈമാറും.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട മലയാളി മാധ്യമ പവര്ത്തകനടക്കമുള്ള നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. സിദ്ധിഖ് കാപ്പനായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഇവരെ ചോദ്യം ചെയ്യുന്നത്.
വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് സ്വമേധയായെടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കേ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി. സുരക്ഷ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കുടംബത്തെ മാറ്റിയതിനാല്‍ ഇടത് എംപിമാരുടെ ഹത്രാസ് സന്ദര്‍ശനം മാറ്റിവച്ചു.
Content Highlight: CBI Investigation starts in Hathras Case