ലോക ഭക്ഷ്യ ദിനം: 75 രൂപയുടെ സ്മാരക നാണയവും 17 പുതിയ വിളകളും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക ഭക്ഷ്യ ദിനത്തില്‍ 75 രൂപയുടെ സ്മാരക നാണയവും പുതിയ 17 വിളകളും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തെ ഭക്ഷ്യദിനവും യുഎന്നിന്റെ ഭക്ഷ്യ -കാര്‍ഷിക സംഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനത്തിലുമാണ് പ്രധാനമന്ത്രി വിളകള്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.

കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ഭക്ഷ്യ സുരക്ഷ കൈവരിക്കാനായതായി പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ രാജ്യങ്ങള്‍ പരിശ്രമിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഭക്ഷ്യോത്പാദനത്തിന്റെ റെക്കോഡ് ഇന്ത്യന്‍ കര്‍ഷകര്‍ തിരുത്തി കുറിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിച്ച ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടാണ് രാജ്യം ഇത്തവണത്തെ ഭക്ഷ്യ ദിനം ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

coin

നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവിയെന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ കാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘ കാല ബന്ധത്തെയും പ്രധാനമന്ത്രി ഓര്‍മിച്ചു. സാമ്പത്തികമായും പോഷകപരമായും ദുര്‍ബലമായ വിഭാഗങ്ങളെ ശക്തരാക്കുന്നതില്‍ എഫ്എഒയുടെ പങ്ക് സമാനതകളില്ലാത്തതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

1945 ഒക്ടോബര്‍ 16-നാണ് യു.എന്നിന്റെ കാര്‍ഷിക സംഘടന (ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍) നിലവില്‍വന്നത്. ”എല്ലായിടത്തും ഭക്ഷണമുണ്ടായിരിക്കട്ടെ (Let there be bread) എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കുകളായ ‘fiat panis’ എന്നതാണ് എഫ്എഒയുടെ ആപ്തവാക്യം.

Content Highlight: PM Modi Releases Rs 75 Coin and dedicated new 17 crops to the nation on World Food Day 2020