സ്വര്‍ണ്ണക്കടത്ത് ഗൂഡാലോചനയ്ക്ക് ആരംഭിച്ച ടെലഗ്രാം ഗ്രൂപ്പിന്റെ പേര് ‘സിപിഎം കമ്മിറ്റി’; സരിത്തിന്റെ മൊഴി പുറത്ത്

കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്തിന് വേണ്ട ഗൂഡാലോചനകള്‍ നടത്താന്‍ പ്രതികള്‍ ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചതായി പ്രധാന പ്രതികളിലൊരാളായ സരിത്തിന്റെ മൊഴി. ‘സിപിഎം കമ്മിറ്റി’ എന്ന പേരിലാണ് ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചതെന്ന് സരിത്ത് മൊഴിയില്‍ വെളിപ്പെടുത്തി. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പെന്ന ആശയം മുന്നോട്ട് വെച്ചതും ഗ്രൂപ്പ് ആരംഭിച്ചതെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

കേസിന്റെ ഗൂഡാലോചന സംബന്ധിച്ച ചോദ്യത്തിനാണ് സരിത്തിന്റെ വെളിപ്പെടുത്തല്‍. സന്ദീപ് തന്നെയാണ് സരിത്തിനെയും കെ ടി റമീസിനെയും ഗ്രൂപ്പില്‍ അംഗമാക്കിയതെന്നും മൊഴിയില്‍ പറയുന്നു. ഫൈസല്‍ ഫരീദുമായി സരിത്തിന് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും റമീസാണ് ഫൈസലുമായി ബന്ധപ്പെട്ടിരുന്നതെന്നും സരിത്ത് ഇഡിയോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്തോളം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. നാട്ടില്‍ എത്തിച്ച സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സഹായിച്ചവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Content Highlight: Telegram group created for discussion of Gold Smuggling