ശ്രീനഗര്‍: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സിബിഐ ഫയല്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്.
2002-2011 കാലയളവില്‍ സംസ്ഥാനത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) അനുവദിച്ച ഗ്രാന്റുകളില്‍ നിന്ന് 43.69 കോടി രൂപ തിരിമറി നടത്തിയെന്നാരോപിച്ചാണ് ഫറൂഖ് അബ്ദുള്ളയടക്കമുള്ളവര്ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്. മുന്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളായിരുന്ന ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം. മുന്‍ ട്രഷറര്‍ അഹ്സാന് അഹമ്മദ് മിര്‍സ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ല, ഖാന്, മിര്‍സ, മിര്‍ മന്‍സൂര്‍ ഗസാന്‍ അലി, ബഷാര്‍ അഹ്മദ് മിസ്ഗര്‍, ഗുല്‍സാര്‍ അഹ്മദ് ബെയ്ഘ് എന്നിവര്‍ക്കെതിരെ സിബിഐ പിന്നീട് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.
2005 മുതല്‍ 2012 വരെ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളിലൂടെ ബി.സി.സി.ഐ.യില്‍ നിന്ന് ജെ.കെ.സി.എയ്ക്ക് 94.06 കോടി രൂപ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. പീപ്പിള്‍സ് സഖ്യ രൂപീകരണത്തിന് ശേഷമുള്ള നടപടി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്നാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
Content Highlight: J&K cricket association scam: ED questions former J&K CM Farooq Abdullah