അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പരാജയം പ്രവചിച്ച് മാധ്യമ രാജാവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം പ്രവചിച്ച് മാധ്യമ രാജാവ് റൂപ്പഡ് മര്‍ഡോക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് വിജയ സാധ്യതയെന്നതാണ് മര്‍ഡോക്കിന്റെ പ്രവചനം.

കൊവിഡ് പ്രതിസന്ധി നോരിടുന്നതില്‍ ട്രംപിന് സംഭവിച്ച പിഴവിനെയാണ് മര്‍ഡോക്കും ചൂണ്ടി കാണിക്കുന്നത്. ഇതു തന്നെയായിരുന്നു ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവും. വിദഗ്ധരുടെ ഉപദേശത്തിന് ട്രംപ് ചെവികൊടുത്തില്ലെന്ന വിമര്‍ശനവും മര്‍ഡോക്കിനുണ്ട്.

ഒരു സമയത്ത് ട്രംപിന് ഏറ്റവും അധികം പിന്തുണ നല്‍കിയിരുന്ന മാധ്യമമായിരുന്നു മര്‍ഡോക്കിന്റെ ഫോക്‌സ് ന്യൂസ് നെറ്റ്‌വര്‍ക്കും, ന്യൂയോര്‍ക്ക് പോസ്റ്റും. എന്നാല്‍ അടുത്തിടെയായി മാധ്യമങ്ങളില്‍ ജോ ബൈഡന്റെ വിജയം പ്രവചിക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്നാണ് ഡെയ്‌ലി ബീസ്റ്റ് ലാസ്റ്റ് വീക്കിന്റെ റിപ്പോര്‍ട്ടുകള്‍. മറ്റ് മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് പലപ്പോഴും പോകിസിന്റെ വാര്‍ത്തകളായിരുന്നു ട്വീറ്റ് ചെയ്തിരുന്നത്.

ബൈഡന്‍ അല്ലായിരുന്നെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും ട്രംപിന് മുകളില്‍ വിജയ സാധ്യത ഉണ്ടാകുമായിരുന്നില്ലെന്നും റൂപ്പഡ് മര്‍ഡോക്ക് വിശദീകരിക്കുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ഇരു പാര്‍ട്ടികളും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Content Highlight: Rupert Murdoch, is predicting a landslide Biden victory over Trump