‘ബിഹാറില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍’; തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വിവാദത്തിലായി ബിജെപി

പാറ്റ്‌ന: തെരഞ്ഞെടുപ്പ് അടുത്തടുത്തതോടെ വാഗ്ദാന പത്രിക പുറത്തിറക്കുന്ന തിരക്കില്‍ വിവാദത്തിലായി ബിജെപി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പത്രികയിലെ ആദ്യ വാഗ്ദാനമാണ് വിവാദത്തിലായത്. കൊവിഡ് വാക്‌സിന്‍ രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും കൊവിഡ് വാക്‌സിനെ പോലും രാഷ്ട്രീയവല്‍കരിക്കുന്നത് അവര്‍ക്ക് വേറൊന്നും അവകാശപ്പെടാനില്ലാത്തതു കൊണ്ടാണെന്ന് ആര്‍ജെഡി തിരിച്ചടിച്ചു.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമനാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാണ് ബിജെപി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും നിര്‍മല സിതാരാമന്‍ പറഞ്ഞു. വലിയ അളവില്‍ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്നും, ബിഹാറിലെ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കാനും സാധിക്കും. ഇതാണ് തെരഞ്ഞെടുപ്പ് പത്രികയിലെ ആദ്യ വാഗ്ദാനമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ മറ്റൊന്നും അവകാശപ്പെടാനില്ലാത്തതു കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ സൗജന്യ വാക്‌സിനെന്ന വാഗ്ദാനം നല്‍കുന്നതെന്നും, വാക്‌സിന്‍ ബിഹാറിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നായിരുന്നു ആര്‍ജെഡിയുടെ വിമര്‍ശനം. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു.

19 ലക്ഷം തൊഴിലവസരങ്ങള്‍, ഒരു കോടി സ്ത്രീകളെ പരാപ്തമാക്കാനുള്ള നൈപുണ്യ വികസന പദ്ധതികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാബ്, 30 ലക്ഷം പേര്‍ക്ക് പുതിയ വീട് എന്നിവയാണ് ബിജെപിയുടെ മറ്റ് വാഗ്ദാനങ്ങള്‍.

Content Highlight: BJP Promises 19 Lakh Jobs, Free Covid Vaccination In Bihar Manifesto