ന്യൂഡല്‍ഹി: ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ ഉത്തരവ് പ്രഖ്യാപിച്ചത്. അലഹാബാദ് ഹൈക്കോടതിയോടാണ് കേസിന്റെ അന്വേഷണ ചുമതല വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണം പൂര്‍ത്തിയായ ശേഷം കേസിന്റെ വിചാരണ ഡല്‍ഹിക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. പീഡന കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നിയമമുണ്ടെന്നിരിക്കെ ഹത്രാസ് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പീഡന കേസിലെ ഇരയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഇവരുടെ പേരുകള്‍ അടിയന്തിരമായി കോടതി രഖകളില്‍ നിന്ന് നീക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുന്നതിലും ഹൈക്കോടതി ശ്രദ്ധചെലുത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്.
Content Highlight: Hathras case: Allahabad High Court to monitor CBI probe