രാജ്യത്ത് ലൗ ജിഹാദ് നിയന്ത്രിക്കാൻ നിയമം വേണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദിൽ വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വി.എച്ച്.പി ഇൻ്റർനാഷണൽ ജോയിൻ്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ. വിദ്യാർഥിനി കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്നും 7 ദിവസത്തിനിടെ മേവാത്തിനും ഗുരുഗ്രാമിനുമിടയിൽ നിരവധി പെൺകുട്ടികളെ ലൗ ജിഹാദിൻ്റെ പേരിൽ തട്ടികൊണ്ടുപോയെന്നും ജെയിൻ പറഞ്ഞു.
മതപരിവർത്തനം പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല. മുസ്ലീങ്ങളല്ലാത്തവരുടെ അന്തസ്സിന് നേരെയുള്ള ആക്രമണമാണ് ലൗ ജിഹാദ്. അതിനാൽ ലൗ ജിഹാദ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണം. ജെയിൻ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ഫരീദാബാദിൽ വെച്ച് കോളേജ് വിദ്യാർഥിനിയെ പട്ടാപകൽ വെടിവെച്ച് കൊന്നത്. നികിത തോമർ എന്ന വിദ്യാർത്ഥിനിയെ കോളേജിന് മുന്നിലെ റോഡിൽ വെച്ച് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്തത്. സംഭവത്തിൽ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ ലൗ ജിഹാദാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.
content highlights: VHP demands law to stop ‘love jihad’, condemns Ballabgarh incident