അനൂപ് ബിനീഷിന്റെ ബിനാമി; ലഹരിമരുന്ന് ഇടപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്ന് ഇ.ഡി

Bengaluru Drug Case: Anoop Muhammad is the benami of Bineesh Kodiyeri

ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസ്സിനസുകൾ ബെംഗളൂരുവിൽ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌. അനൂപിന്റെ ലഹരിമരുന്ന് അടപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നും അനൂപിനെ കേരളത്തിലിരുന്ന് നിയന്ത്രിച്ചിരുന്നത് ബിനീഷ് ആണെന്നും ഇ.ഡി വ്യക്തമാക്കി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

ബിനീഷും അനൂപും തമ്മിൽ വളരെ അടുത്ത സൌഹൃദമാണ് ഉണ്ടായിരുന്നതെന്നും അറസ്റ്റിന് മുൻപും നിരവധി തവണ അനൂപ് ബിനീഷുമായി സംസാരിച്ചിരുന്നതായി ഇഡി വ്യക്തമാക്കി. ബിനീഷ് സ്ഥിരമായി ബെംഗളൂരുവിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് ആയിരുന്നു. സിനിമ രാഷ്ട്രീയ മേഖലയിൽ സ്വാധീനമുള്ള ആളാണ് ബിനീഷ്. വലിയ തോതിൽ പണവും കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൌണ്ടുകളെല്ലാം നേരത്തെ ബിനീഷിന് അറിയാവുന്നവരുടേതാണെന്നും ഇഡി പറഞ്ഞു.

ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവിൽ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഈ സാഹചര്യത്തിൽ ബിനീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും അനുപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത ബിനീഷിനെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി ആസ്ഥാനത്തേക്ക് ബിനീഷിനെ കൊണ്ടുവന്നു. ഇഡി ഉദ്യോഗസ്ഥർ എത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചു.

നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാന ദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ഇ.ഡി ആരംഭിച്ചു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlights; Bengaluru Drug Case: Anoop Muhammad is the benami of Bineesh Kodiyeri