അമേരിക്കയിൽ രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗിയിൽ 70 ദിവസത്തോളം കൊവിഡ് വെെറസ് ഉണ്ടായിരുന്നതായി കണ്ടെത്തി. 71 വയസ് പ്രായമായ ക്യാൻസർ രോഗിയിലാണ് രണ്ട് മാസത്തോളം കൊവിഡ് വെെറസ് സാന്നിധ്യം ഉണ്ടായിരുന്നത്. ഫെബ്രുവരി 25നാണ് അനീമിയയെ തുടർന്ന് ചികിത്സയ്ക്കായി വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് 2ന് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്ന് രോഗലക്ഷണമൊന്നും കാണിച്ചിരുന്നില്ല. 15 ആഴ്ചയ്ക്കുള്ളിൽ 12 തവണയാണ് ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരുടെ ശ്വാസകോശത്തിൽ 105 ദിവസമാണ് വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. രോഗം മറ്റുള്ളവരിലേക്ക് പകരുന്ന അവസ്ഥയിൽ 70 ദിവസമാണ് ഇവരുടെ ശരീരത്തിൽ വെെറസ് വ്യാപിച്ചിരുന്നത്.
ക്യാൻസർ ബാധിച്ചതിനാൽ രോഗപ്രതിരോധശേഷി നഷ്ടമായതുകൊണ്ടാണ് ഇത്രയും ദിവസം വെെറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. വെളുത്ത രക്താണുക്കളിലുണ്ടാകുന്ന ക്യാൻസറായ ലുക്കീമിയയായിരുന്നു ഇവർക്കെന്നും അതിനാൽ തന്നെ അണുബാധകൾക്കെതിരെ പോരാടാനുള്ള ശരീരത്തിൻ്റെ ശക്തി ക്ഷയിച്ചിരുന്നതായും നവംബർ 4ന് സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (CDC) മാർഗനിർദ്ദേശങ്ങൾ പ്രകാരം രോഗമോ മറ്റ് നിരന്തരമായ ചികിത്സകൾ കാരണമോ രോഗപ്രതിരോധ ശേഷി തകരാറിലായ കൊവിഡ് രോഗികളിൽ 20 ദിവസത്തിന് ശേഷം വെെറസ് നിൽക്കില്ലെന്ന വിലയിരുത്തലിന് വിരുദ്ധമായാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസ് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു.
കൊവിഡ് ബാധിച്ച ഭൂരിഭാഗം പേരിലും 8 ദിവസത്തിലധികം വെെറസ് ആക്ടീവായിരുന്നില്ല. പ്രതിരോധശേഷി നഷ്ടമാകുന്ന രോഗങ്ങളുള്ള രോഗികൾക്ക് കൊവിഡ് ബാധിക്കുമ്പോൾ ഇത്രയും ദിവസം വെെറസ് ആക്ടീവ് ആയി നിൽക്കാൻ സാധ്യയുണ്ടെങ്കിൽ അത് തീർച്ചയായും പഠനവിധേയമാക്കണമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ സാധാരണക്കാരേക്കാൾ കൂടുതൽ വെെറസ് വ്യാപനം നടത്തുന്നുണ്ടോ എന്ന കാര്യത്തിലും പഠനം നടത്തണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
content highlights: Asymptomatic coronavirus patient in the US remains contagious for 70 days, contradicting CDC findings