ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയോടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വയലില്‍ കളിച്ച് കൊണ്ടിരുന്ന കുഞ്ഞ് കുഴല്‍ കിണറില്‍ വീണത്.
പൊലീസിനും ദുരന്ത നിവാരണ സേനക്കും പുറമേ സൈന്യത്തെയും എത്തിച്ചായിരുന്നു കുഞ്ഞിനെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സമാന്തര കുഴിയുണ്ടാക്കി കുഴിയിലേക്ക് ആളെ കടത്തി വിട്ട് കുഞ്ഞിനെ പുറത്തെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. എന്നാല്‍ 58 അടി താഴ്ച്ചയുള്ള കിണറില്‍ ഒരു ഘട്ടത്തില്‍ വെള്ളം നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.
Content Highlight: Police confirmed death of 3year old who fell into bore well last Wednesday