അമേരിക്കയില്‍ ‘പൊളിച്ചെഴുത്ത്’; അധികാരമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്ന പല നയങ്ങളും റദ്ദാക്കി പുതിയവ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങളാവും ആദ്യ പടിയായി ബൈഡന്റെ ടീം ആരംഭിക്കുക. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനാണ് ബൈഡന്റെ തീരുമാനം.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടനെ റദ്ദാക്കാനും ബൈഡന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രംപിന്റെ കാലത്ത് ഏറ്റവും വഷളായ ഉദ്യോഗസ്ഥ ബന്ധവും മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ ബൈഡന്‍ ആരംഭിച്ചിട്ടുണ്ട്. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കയുടെ നടപടിയും പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് തിരുത്തും. കൂടാതെ, അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ബൈഡന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 20 നാണ് ബൈഡന്‍ ഭരണകൂടം അധികാരത്തിലേറുന്നത്.

Content Highlight: Biden to change rules of Trump time