ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുന പരിശോധിക്കില്ലെന്ന് കേരളം

Kerala government says traffic fine will not be reviewed

ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുനപരിശോധിക്കില്ലെന്ന് കേരളം. കേന്ദ്ര നിയമ ഭേദഗതിയിൽ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മിക്ക നിയമ ലംഘനങ്ങൾക്കുമുള്ള പിഴ കുറച്ച് കേരളം ഉത്തരവിറക്കി.

സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി കേരളത്തിന്റെ തീരുമാനം പുന പരിശോധിക്കണമെന്നാവശ്യപെട്ട് കേരളത്തിന് കത്തയച്ചിരുന്നു. ഇതിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പരമാവധി ശിക്ഷയാണ് നിയമ ഭേദഗതിയിൽ കേന്ദ്രം ഉൾപെടുത്തിയിരിക്കുന്നത്. കേസ് തീർപ്പാക്കുന്നതിന് പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഈ അധികാരമാണ് കേരളം വിനിയോഗിച്ചത് എന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ വിശദീകരണം സുപ്രിംകോടതി സമിതിയെ ഉടൻ അറിയിക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമ ലംഘനങ്ങൾക്കുമുള്ള പിഴയും കേരളം കുറച്ചിരുന്നു. ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും 1000 രൂപ പിഴ എന്നത് കേരളം 500 ആയി കുറച്ചു. അമിത വേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചിരുന്നു. സുപ്രിംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി ഇത് പുന പരിശോധിക്കണമെന്ന് ആവശ്യപെട്ടാണ് കേരളത്തിന് കത്ത് നൽകിയത്.

Content Highlights; Kerala government says traffic fine will not be reviewed