പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് സന്നദ്ധനാകുന്നതായി സൂചന. തോൽവി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങൾ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്നും ആദ്യമായാണ് തോൽവി അംഗീകരിക്കുന്നുവെന്ന് തോന്നലുണ്ടാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപെട്ട് വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
“നമ്മൾ ലോക്ഡൌണിലേക്കൊരിക്കലും പോകില്ല. ഞാനെന്തായാലും പോകില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്ക്ഡൌണിലേക്ക് പോവില്ല” ട്രംപ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല.
306 ഇലക്ട്രൽ കോളേജ് വോട്ടോടു കൂടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചത്. ട്രംപിന് 232 ഇലക്ട്രൽ കോളേജ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അരിസോണയിലേയും ജോർജ്ജിയയിലേയും അന്തിമ ഫലം പുറത്ത് വരുന്നത് വരെ ട്രംപ് പരാജയം അംഗീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതു മുതൽ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചിരുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താൻ വൈറ്റ് ഹൌസിൽ തുടരുമെന്നും പറഞ്ഞിരുന്നു. ഈ മനോഭാവത്തിൽ നിന്നും മാറ്റമുണ്ടായി എന്ന് തോന്നിക്കുന്ന പ്രതികരണമാണ് ട്രംപിന്റെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസമുണ്ടായത്.
Content Highlights; Trump appears to acknowledge for the first time that Biden could succeed him