എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇതോടെ തുടർച്ചയായ നാലാം തവണയും നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്നാഥ് സിങ്, ദേവേന്ദ്ര ഫഡ്നാവിസ്, ഭൂപേന്ദ യാദവ് തുടങ്ങിയ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ബാക്കി വകുപ്പുകൾ ആര് കെെകാര്യം ചെയ്യുമെന്ന വിവരം പുറത്തുവന്നിട്ടില്ല. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. രണ്ട് ഉപമുഖ്യമന്ത്രി പദം വേണമെന്ന് ഘടക കക്ഷികൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജിതിൻ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. ഇതേസമയം ഉപമുഖ്യമന്ത്രി പദം ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കമലേശ്വര്‍ ചൗപാലിൻ്റെ പേരും ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി ആലോചിച്ചിരുന്നു.
ബിജെപിയായിരിക്കും കൂടുതൽ വകുപ്പുകൾ കെെകാര്യം ചെയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകൾ നേടികൊണ്ടാണ് അധികാരം നിലനിർത്തിയത്. 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്.
content highlights: After the crucial meet, Nitish Kumar set to become Bihar CM for 4th straight term