രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ പോവുകയാണെന്ന് റിപ്പോർട്ട്. ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31ന് അകം 10 ശതമാനം കുടിശിക അടയ്ക്കണമെന്നും ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെയുള്ള കാലയളവിൽ അടച്ച് തീർക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ പോകുന്നത്. നിലവിൽ ഭാരത് എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ അടയ്ക്കേണ്ടി വരും.
നിരക്കുകൾ 25 ശതമാനം ഉയർത്തുന്നതിനെകുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്നാണ് ടെലികോം കമ്പനികളുടെ നിരീക്ഷണം. ടെലികോം കമ്പനികൾ ഡിംസംബറിൽ 40 ശതമാനം വരെയാണ് ചാർജുകൾ ഉയർത്തിയത്. ഇത് 2020ൻ്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 20 ശതമാനം വർധനവ് വരുത്തി. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടുത്ത 12-24 മാസത്തിനുള്ളിൽ കമ്പനികൾക്ക് എആർപിയു 200 രൂപയിൽ എത്തേണ്ടിവരുമെന്നാണ് അനാലിസിസ്-മേസൺ ഇന്ത്യ, മിഡിൽ ഈസ്റ്റ് മേധാവി രോഹൻ ധമിജ വ്യക്തമാക്കിയത്. ടെലികോം കമ്പനികളുടെ കുടിശിക ഈടാക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണ് കോടതി വിധി വന്നത്.
content highlights: This New Year your phone bill may go up by 20%