ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകൾ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് തേടിയിരുന്നതായി റിപ്പോർട്ട്. നാഷണൽ സെക്യൂരിറ്റി യോഗത്തിലാണ് ട്രംപ് ഇറാനെ ആക്രമിക്കുന്നതിൻ്റെ സാധ്യതകൾ തേടിയത്. വെെസ് പ്രസിഡൻ്റ് മെെക്ക് പെൻസ്, ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ, ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ മാർക്ക് മില്ലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ വളരെ പെട്ടന്ന് തന്നെ ട്രംപ് ഇതിൽ നിന്ന് പിന്മാറിയെന്നും ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു. .
അതിർത്തി സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ട്രംപിൻ്റെ ഉപദേശകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് ട്രംപ് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ബറാക് ഒബാമയുടെ കാലത്തുണ്ടായിരുന്ന ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കിയ ട്രംപ് പിന്നീടങ്ങോട്ട് ഇറാനോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.
ഇറാനെതിരെ വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎസിൻ്റെ ശത്രുതാപരമായ നിലപാടുകൾക്കെതിരെ ഇറാൻ ആണവ പരിപാടി വീണ്ടും ശക്തമാക്കിയിരുന്നു. ഇറാൻ തങ്ങളുടെ പ്രധാന ഉപരിതല ആണവ പ്ലാൻ്റ് ഭൂമിക്കടിയിലേക്ക് മാറ്റിയെന്നുള്ള യുഎൻ ആണവ ഏജൻസിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഇറാനെ ആക്രമിക്കാനുള്ള സാധ്യതകൾ ട്രംപ് തേടിയത്.
content highlights: Trump Sought Options For Attacking Iran’s Nuclear Site Last Week, But Held Off: Report