പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കടന്ന് ബിജെപി; സിന്ധ്യ പരിഗണനയില്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക് കടക്കാന്‍ ബിജെപി. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള പുനഃസംഘടനക്ക് രൂപം കൊടുക്കാനാണ് ബിജെപിയുടെ നീക്കം. ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സുശീല്‍ കുമാര്‍ മോദി, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി കേരളത്തില്‍ നിന്നുള്ള നേതാക്കളും പരിഗണനയിലുണ്ടെന്നാണ് സൂചന.

പുനഃസംഘടന സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന സൂചന. ബിഹാറില്‍ ബിജെപിയുടെ പ്രധാനിയായിരുന്ന സുശീല്‍ കുമാര്‍ മോദിയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് കേന്ദ്രമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നതിനാലാണെന്നാണ് സൂചന. മധ്യപ്രദേശില്‍ വന്‍ വിജയം കാഴ്ച്ച വെച്ച ജ്യോതിരാദിത്യസിന്ധ്യയും മോദി മന്ത്രി സഭയിലെത്തും.

അതേസമയം, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ നടക്കാനിരിക്കെ മോദി സര്‍ക്കാരിലെ കേരളത്തിന്റെ പ്രാതിനിധ്യവും ഉയര്‍ത്താനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതല പട്ടികയില്‍ നിന്ന് നീക്കം ചെയ്തതില്‍ അമര്‍ഷത്തിലുള്ള പി.കെ.കൃഷ്ണദാസ് പരിഗണനയിലുള്ള പ്രധാനിയാണ്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകും.

Content highlight: BJP to reshuffle Cabinet