റോഡുകളിൽ അന്തിയുറങ്ങി കർഷകർ, ഡൽഹി ചലോ മാർച്ച് ഇന്നും തുടരും; 50,000 കർഷകർ ഇന്ന് തലസ്ഥാന അതിർത്തിയിലെത്തും

വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ചലോ മുദ്രാവാക്യമുയർത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള കർഷകരുടെ യാത്ര തുടരുന്നു. പൊലീസ് ഉയർത്തിയ മുഴുവൻ തടസങ്ങളേയും അതിജീവിച്ചുകൊണ്ടാണ് പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർ മാർച്ചിൽ ഡൽഹിയിലേക്ക് എത്തുന്നത്. ഇന്ന് വെെകിട്ടോടെ 50,000ത്തിലധികം കർഷകർ ഡൽഹി അതിർത്തിയിലെത്തുമെന്ന് കർഷക സംഘടനകൾ പറഞ്ഞു. 

ഇന്നലെ രാത്രി ഹരിയാനയിലെ കർണാൽ, അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിൽ കൊടുംകണുപ്പിനെ വകവയ്ക്കാതെ കർഷകർ റോഡുകളിൽ അന്തിയുറങ്ങി. പഞ്ചാബിൽ നിന്ന് ഇന്നലെ പുലർച്ചെ ട്രാക്ടറുകളിലെത്തിയ ആയിരക്കണക്കിന് പേരെ അംബാലയിൽ ലാത്തിയും ഗ്രനേഡും ജലപീരങ്കിമായാണ് ഹരിയാന പൊലീസ് നേരിട്ടത്. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ബാരിക്കേഡുകൾ, മുള്ളുകമ്പികൾ ചുറ്റിയ കോൺക്രീറ്റ് സ്ലാബുകൾ, റോഡിൽ വൻ കുഴികൾ, ജലപീരങ്കി, ടിയർ ഗ്യാസ് തുടങ്ങിയവയൊന്നും ഇന്നലെ കർഷകരെ പിന്തിരിപ്പിച്ചിരുന്നില്ല.

ഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് ഉറച്ചുനിൽകുകയാണ് കർഷകർ. ഡൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബിഎസ്എഫ് ഉൾപ്പെടെ കേന്ദ്രസേനയെയാണ് കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുള്ളത്. അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കൃഷി മന്ത്രി നരേന്ദ്ര തോമറും കർഷകരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ചർച്ചയ്ക്കുള്ള ക്ഷണം കർഷക സംഘടനകൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. 

content highlights: Farmers march: Thousands headed to Delhi today amid heavy police deployment