പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ കര്‍ഷകര്‍; തടഞ്ഞിടത്ത് തമ്പടിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നയിക്കുന്ന ‘ദില്ലി ചലോ’ മാര്‍ച്ചില്‍ നിന്ന് പിന്മാറാതെ കര്‍ഷകര്‍. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്ത്് പ്രതിഷേധിക്കാന്‍ പൊലീസ് അനുവദിച്ചെങ്കിലും പൊലീസ് തടഞ്ഞിടത്ത് തന്നെ തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകര്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ബുറാഡിയില്‍ സ്ഥലമനുവദിച്ചതു നേതാക്കള്‍ സ്വാഗതം ചെയ്‌തെങ്കിലും അവിടേക്ക് അധികം കര്‍ഷകരെത്തിയില്ല.

ജലപീരങ്കിയും ബാരിക്കേഡും റോഡില്‍ നീളെ മുള്‍വേലികളും നിരത്തി വന്‍പോലീസ് സന്നാഹത്തിലാണ് രാജ്യതലസ്ഥാനാതിര്‍ത്തി. ഹരിയാണയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള സിംഘു അതിര്‍ത്തിയില്‍ റോഡിനുകുറുകെ ട്രാക്ടറുകളിട്ടും പാത ഉപരോധിച്ചും അണിനിരന്നിരിക്കുകയാണ് കര്‍ഷകര്‍.

അതേസമയം, കര്‍ഷകരുമായി ഡിസംബര്‍ നാലിന് ചര്‍ച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Content Highlight: Farmers protest in Delhi