തിരുവനന്തപുരം: ഗുരുതര ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തെ കെഎസ്എഫ്ഇ ശാഖകളില്‍ വ്യാപക റെയ്ഡ് നടത്തിയ വിജിലന്‍സ് നടപടിക്കെതിരെ വിമര്‍ശമവുമായി സംസ്ഥാന ധന വകുപ്പ് മന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിക്ക് കീഴിലാണ് വിജിലന്‍സ്. തീയതിയും സമയവും നിശ്ചയിച്ച് ഓപ്പറേഷന് പേരുമിട്ട് സംസ്ഥാനത്താകെ പരിശോധനയ്ക്കിറങ്ങുമ്പോള്‍, അതിന്റെ പിന്നിലെ ആസൂത്രകന്‍ ‘വട്ടാ’ണെന്നാണ് സംഭവത്തോട് ധനമന്ത്രി പ്രതികരിച്ചത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സര്‍ക്കാരിന് വിജിലന്‍സ് പരിശോധനയുണ്ടാക്കുന്ന രാഷ്ട്രീയാഘാതം വലുതാണ്. ഇത് തിരിച്ചറിഞ്ഞാണ് പരസ്യപ്രതികരണത്തിന് അദ്ദേഹം തയ്യാറായത്. ഇതോടെ വിജിലന്‍സിന്റെ തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം.
ആഭ്യന്തരവകുപ്പിന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഉന്നതതലത്തില്‍ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തില്‍ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, കെഎസ്എഫ്ഇ റെയ്ഡിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെഎസ്എഫ്ഇ നടത്തിപ്പില്‍ ക്രമക്കേടുണ്ടായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ്. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Chennithala against Finance Minister on KSFE Vigilance Raid