പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി ശിവസേന. തങ്ങളുടെ ശൗര്യം പ്രകടിപ്പിക്കാനായി ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന തീവ്രവാദികളെ നേരിടാനായി എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെയും സാമ്‌ന കുറ്റപ്പെടുത്തി.

ഉത്തരേന്ത്യയിലെ അതി ശൈത്യത്തില്‍ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചത് ക്രൂരതയാണെന്നും കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ചതിനെയും സാമ്‌ന വിമര്‍ശിച്ചു. തീവ്രവാദികള്‍ ജമ്മുകശ്മീര്‍ അതിര്‍ത്തി വഴി രാജ്യത്ത് പ്രവേശിക്കുന്നത് തുരത്താന്‍ കേന്ദ്ര ഏജന്‍സികളെ നിയോഗിക്കണമെന്നും സാമ്‌ന വിമര്‍ശിച്ചു.

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്നാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തിയ പട്ടേല്‍, കേന്ദ്രം കര്‍ഷകരോട് സ്വീകരിക്കുന്ന നയം കണ്ട് ഇപ്പോള്‍ കരയുന്നുണ്ടാവുമെന്നും സാമ്‌നയിലൂടെ ശിവസേന കുറ്റപ്പെടുത്തി.

Content Highlight: “Enforcement Directorate, CBI Should Be Sent To Borders”: Sena’s Attack On Centre