സ്വർണക്കടത്തിലെ ഉന്നതൻ ആരാണെന്ന് അറിഞ്ഞാൻ ജനം ബോധം കെട്ടുവീഴും; രമേശ് ചെന്നിത്തല

Ramesh Chennithala on Gold Smuggling Case

സ്വർണക്കടത്തിലെ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളുടെ രഹസ്യമൊഴിയിൽ പറയുന്ന ഉന്നതനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ട് വീഴുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നയും സരിത്തും കോടതിക്ക് നൽകിയ രഹസ്യമൊഴിയിൽ സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. 

സ്വർണക്കടത്തിലെ പ്രതിയായ ശിവശങ്കറിനെ എന്തുകൊണ്ട് സർക്കാർ പിരിച്ചുവിടുന്നില്ല. സർക്കാരിനെ രക്ഷിക്കാനാണ് ശിവശങ്കർ ഇപ്പോഴും ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന് കണ്ട് എൽഡിഎഫും സിപിഎമ്മും വർഗീയ പ്രചാരണം നടത്തുകയാണ്. തോൽവി ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആർഎസ്എസിൻ്റെ ഭാഷയാണ്. നാട്ടിൽ വർഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എവിടെ നിൽക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് എറണാകുളത്തെ പാർട്ടി നേതാവ് സക്കീർ ഹുസെെൻ. പണത്തിനും അധികാരത്തിനും വേണ്ടി ഏതു നിലയിൽ വേണമെങ്കിലും പോകുമെന്നതിന് തെളിവാണിത്. ചെന്നിത്തല പറഞ്ഞു. 

content highlights: Ramesh Chennithala on Gold Smuggling Case