സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ഒരിക്കല്‍ പോലും കണ്ടു മുട്ടിയിട്ടില്ല; ആരോപണത്തില്‍ വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ഭരണഘടന പദവി വഹിക്കുന്ന ഉന്നതന്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനാണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സ്പീക്കര്‍. ഒരു തെറ്റായ വാര്‍ത്ത എവിടെ നിന്നോ പുറപ്പെടുന്നു, അത് എല്ലാവരും ഏറ്റെടുക്കുന്ന രീതിയാണ് കാണുന്നതെന്ന് സ്പീക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ഒരിക്കല്‍ പോലും യാത്ര ചെയ്യാനോ, വിദേശത്ത് കണ്ടു മുട്ടാനോ ഉള്ള സാഹചര്യം വന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തു കേസുമായി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. രാഷ്ട്രീയമായ വാദങ്ങളിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗികമായ എല്ലാ യാത്രകളും നിയമപരമായ എല്ലാ നടപടി ക്രമങ്ങളും സ്വീകരിച്ച് തന്നെയാണ് പോയിട്ടുള്ളതെന്നും ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പ്രതികരണ കുറിപ്പില്‍ വ്യക്തമാക്കി.

വിവിധി ഏജന്‍സികള്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്തരം വ്യാഖ്യാനങ്ങളെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക യാത്രക്ക് പുറമേ സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും നടത്തിയതായി സ്പീക്കര്‍ വിശദമാക്കി. വിദേശ യാത്രയുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.

Content Highlight: Speaker Sreerama Krishnan responds on allegations in connection with Gold Smuggling Case