ട്രംപിന് വീണ്ടും തിരിച്ചടി; ക്രമക്കേട് ആരോപിച്ച നാല് സംസ്ഥാനങ്ങളിലെയും വിജയി ബൈഡന്‍ തന്നെ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ കോട്ടയായിരുന്ന സംസ്ഥാനങ്ങളില്‍ നിന്നു പോലും തിരിച്ചടി നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക് പാര്‍ട്ടി വിജയിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. അധികാരത്തില്‍ തുടരാനുള്ള ട്രംപിന്റെ അവസാന ശ്രമതതിനും ഇതോടെ
തിരിച്ചടി നേരിടുകയായിരുന്നു.

ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് നിയമവിധേയമല്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് ചൂണ്ടികാട്ടിയാണ് ട്രംപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ തന്നെയാണ് വിജയിയെന്ന് കോടതി പ്രഖ്യാപിച്ചു. 19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇങ്ങനൊരു ഹര്‍ജി നല്‍കാന്‍ സംസ്ഥാനത്തിന് നിയമപരമായ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകളായി ജോര്‍ജിയ അടക്കി വാണിരുന്ന റിപ്പബ്ലിക്കുകാര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ഡൊണാള്‍ഡ് ട്രംപ് ഹിലരിയെ മറികടന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ കോട്ടയായിരുന്ന പല സംസ്ഥാനങ്ങളും ഇത്തവണ ട്രംപിനെതിരെ തിരിഞ്ഞത് ബൈഡന് സഹായകമായി.

Content Highlight: Court Cancelled Donald Trump’s plea on Biden’s Election Victory