ഇന്ത്യയ്ക്കുമേൽ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളായി വർധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ വിദേശ നിക്ഷേപം കൂടുകയാണെന്നും മോദി അവകാശപ്പെട്ടു. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐസിസിഐയുടെ 93ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ നിരവധി മാറ്റങ്ങളുണ്ടായി. എല്ലാവരേയും അമ്പരിപ്പിച്ച വർഷമായിരുന്നു ഇത്. ലോകവും രാജ്യവും നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. കാര്യങ്ങൾ വഷളായതിനേക്കാൾ വേഗത്തിൽ മെച്ചപ്പെട്ട് വരികയാണ്. മഹാമാരി ആരംഭിച്ചപ്പോൾ നാം അജ്ഞാതനായ ഒരു ശത്രുവിനോടാണ് പോരാടികൊണ്ടിരുന്നത്. ഉത്പാദനവും സമ്പദ് ഘടനയുടെ പുനരുജ്ജീവനവും സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എത്രകാലം മുന്നോട്ട് പോകാനാവുമെന്നും കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നതുമായിരുന്നു പ്രശ്നം.
എന്നാൽ ഡിസംബറോടെ സാഹചര്യങ്ങൾ മാറി. നമ്മുടെ കെെയ്യിൽ ഉത്തരമുണ്ട്. പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകൾ പ്രോത്സാഹനജനകമാണ്. കഴിഞ്ഞ ആറുവർഷമായി ഇന്ത്യയെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസത്തിനുള്ളിൽ കുറേക്കൂടി ശക്തിപ്പെട്ടു.വിദേശ നിക്ഷേപകർ ഇന്ത്യയിൽ റെക്കോർഡ് നിക്ഷേപമാണ് നടത്തിയത്. ആത്മനിർഭർ അഭിയാൻ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
content highlights: PM Modi addresses FICCI AGM, says the world’s confidence in India has strengthened







