സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ പരിഗണിച്ചില്ല; അതൃപ്തി

കോട്ടയം: തെരഞ്ഞെടുപ്പില്‍ മൗനം പാലിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എന്‍സിപിക്ക് ലഭിക്കേണ്ടിയിരുന്ന പരിഗണന ലഭിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ ആരോപണം. പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കാനാണ് പാര്‍ട്ടി അണികളുടെ തീരുമാനം.

സംസ്ഥാനത്തുടനീളം കഴിഞ്ഞ തവണ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ 165 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പാലായില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തിലും ഒരു മുന്‍സിപ്പാലിറ്റിയിലും എന്‍സിപി ലീഡ് നില ഉയര്‍ത്തിയിരുന്നെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇതില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് മത്സരിക്കാനായത്.

നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗവും അതൃപ്തി അറിയിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ പൂര്‍ണ്ണമായി തഴഞ്ഞെന്നായിരുന്നു ബി ഗ്രൂപ്പിന്റെ പരാതി. നവമാധ്യമങ്ങളിലൂടെയടക്കം ഇടത് നേതാക്കള്‍ അപമാനിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. അപമാനം സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം.

Content Highlight: Mani C Kappan on LDF seat distribution