കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നാല് മന്ത്രിമാര്‍ എത്താതിരുന്നതോടെ തൃണമൂലില്‍ വീണ്ടും കൊഴിഞ്ഞു പോക്കെന്ന് സൂചന. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രിമാരുടെ അസാന്നിധ്യം അഭ്യൂഹങ്ങള്‍ക്കിടയാക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് മൂന്ന് മന്ത്രിമാര്‍ പാര്‍ട്ടിക്ക് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആഴ്ച അമിത് ഷായുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പടെ 34 ഓളം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത മന്ത്രിസഭ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ട് നിന്നത്. റജിബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിന്‍ഹ എന്നീ മന്ത്രിമാരാണ് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്ക് എത്താതിരുന്നത്.
അതേ സമയം വനം മന്ത്രി റജിബ് ബാനര്‍ജിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്കുള്ള അതൃപ്തി അദ്ദേഹം നേരത്തെ പരസ്യമാക്കിയിരുന്നു. സുവേന്ദു അധികാരി ഉയര്‍ത്തിക്കാട്ടിയ അതേ പ്രശ്നങ്ങളാണ് റജിബ് ബാനര്‍ജിയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ബിഹാറിലും മധ്യപ്രദേശിലും കരുത്ത് തെളിയിച്ച ബിജെപി പശ്ചിമ ബംഗാളും കൈയടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
Content Highlight: 4 Ministers skip Mamata Banerjee’s Cabinet meet-trigger speculations of more resignations