സിഎജി റിപ്പോര്‍ട്ട് വിവാദത്തിൽ തോമസ് ഐസക്കിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്; 29ന് ഹാജരാകണം

Assembly ethics committee notice to Thomas Isaac

സിഎജി റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി ടി. എം. തോമസ് ഐസക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണം. ഈ മാസം 29ന്‌ സമിതിക്കു മുന്നില്‍ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. നോട്ടീസ് നല്‍കിയ വിഡി സതീശന്‍ എംഎല്‍എയെ കഴിഞ്ഞ ദിവസം സമിതി വിസ്തരിച്ചിരുന്നു. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ റിപ്പോര്‍ട്ട് സഭയ്ക്കു മുന്നില്‍ വെക്കുന്നതിനുമുമ്പ് പുറത്തുവിടുന്നത് കീഴ്വഴക്കമാകുമെന്നായിരുന്നു സതീശന്‍ സമിതിയെ അറിയിച്ചത്. മന്ത്രി നിയമം ലംഘിച്ചുവെന്നും സതീശൻ സമിതിക്ക് മുന്നിൽ പറഞ്ഞു.

ഒരു മന്ത്രിക്കെതിരായ അവകാശ ലംഘന പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തുന്നത് ഇതാദ്യമാണ്. ഒൻപത് അംഗ കമ്മിറ്റിയിൽ ആറു പേരും ഇടത് അംഗങ്ങളായതിനാൽ നടപടിക്ക് സാധ്യത കുറവാണ്. നടപടിക്ക് ശുപാർശ ചെയ്താലും നിയമസഭയിലെ അംഗബലം അനുസരിച്ച് സർക്കാറിന് അത് തള്ളിക്കളയാനുമാകും.

റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ച് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്ത് നിന്ന് വിഡി സതീശൻ എംഎൽഎ ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സ്പീക്കർ, പരാതി എത്തിക്‌സ് ആൻഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. 

content highlights: Assembly ethics committee notice to Thomas Isaac