ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്നും ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു. ക്ഷേമ പദ്ധതികളുടെ ഗുണം രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ ചിലര്‍ തന്നെ ദിവസവും ജാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. എല്ലായ്‌പ്പോഴും ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച് അപമാനിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അവര്‍ക്ക് മുന്നില്‍ ജമ്മുകശ്മീരിലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനെ ഉയര്‍ത്തികാണിക്കുവാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുന്നവരുടെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ ഭരിക്കുന്ന പുതുച്ചേരിയില്‍ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറായില്ല. എന്നാല്‍, കേന്ദ്രഭരണ പ്രദേശമായി ഒരു വര്‍ഷത്തിനകം ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും മോദി വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. മോദിയെ വിമര്‍ശിക്കുന്നത് ആര്‍.എസ്.എസ് അധ്യക്ഷനായാല്‍ പോലും രാജ്യദ്രോഹിയാക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlight: PM Modi launches Ayushman Bharat scheme for J&K; flays Oppn for ‘sermons’ on democracy