എല്ലാ ദിവസവും തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കുള്ള കണ്ണാടിയാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് മോദിയുടെ പരോക്ഷ വിമര്‍ശനം. ജമ്മുവിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ആരോഗ്യയോജന അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ പ്രദേശമായതിനുശേഷം ജമ്മു കശ്മീര്‍ തങ്ങളുടെ പ്രതിനിധികളെ ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ തിരഞ്ഞെടുത്തു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അവഗണിച്ച് പുതുച്ചേരി തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നും അവിടെ അധികാരത്തിലിരിക്കുന്നവര്‍ എന്നെ എല്ലാ ദിവസവും ജനാധിപത്യം പഠിപ്പിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയേയും തോല്‍പ്പിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ജമ്മുവിലെ ജനങ്ങള്‍ വികസനത്തിനായി വോട്ട് ചെയ്തു. സമാധാനപരമായി വോട്ടെടുപ്പ് നടന്നു. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് എന്ന ആശയം ജമ്മുവിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചിലര്‍. അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. മോദി പറഞ്ഞു.
content highlights: Some people in Delhi are trying to teach me democracy every day, says PM Modi