സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. കഴിഞ്ഞയാഴ്ച സതീശന്‍ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ തെളിവ് നല്‍കിയിരുന്നു.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കിഫ്ബിയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമുന്നയിച്ചാണ് റിപ്പോര്‍ട്ടിന്റെ കരട് രേഖ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനം നടത്തിയത്.

Content Highlight: Finance Minister Thomas Isaac present before Ethics Committee today